ആർഷഭാരതം സംഭാവന ചെയ്ത വളരെ ഉദാത്തമായ ഒരു സങ്കൽപ്പമാണ് പരമശിവന്റേത്. ഒരു വെറും ദേവതാരൂപമല്ല, മറിച്ച് ഒരു ദർശനത്തിന്റെ സമൂർത്താവിഷ്ക്കാരമാണ് ഈ രൂപകൽപന. തന്ത്രശാസ്ത്രം വിഭാവനം ചെയ്യുന്ന വിശ്വാതീതവും വിശ്വാത്മകവുമായ പരമസാക്ഷാത്കാരമാണ് ഇതിൽ അന്തർഭവിച്ചിരിക്കുന്നത്.
ഈ പരമലക്ഷ്യത്തിലെത്താൻ വേണ്ടുന്നതും, സാധന ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥാ വിശേഷങ്ങളും അന്തിമലക്ഷ്യവും ഈ രൂപകൽപനയിൽ ഉൾക്കൊണ്ടിരിക്കുന്നു.
പരമശിവന്റെ വാസസ്ഥാനം ശ്മശാനമാണല്ലോ. ധ്യാനനിരതനായിരിക്കുന്ന ശിവന്റെ മടിത്തട്ടിൽ പാർവ്വതീദേവിയും, ഇരുവശത്തും സുബ്രഹ്മണ്യനും, ഗണപതിയും സ്ഥിതിചെയ്യുന്നു. ശ്മശാനഭസ്മഭൂഷിതനായ അദ്ദേഹത്തിന്റെ ആഭരണങ്ങൾ വിചിത്രങ്ങളായ സർപ്പങ്ങളാണ്. രണ്ടുകണ്ണുകൾക്കു പകരം മൂന്നുകണ്ണുകളോടും ശിരസ്സിൽ ഗംഗയോടുംകൂടി ജടാധാരിയായി, ചന്ദ്രക്കലാധാരിയായി, ത്രിശൂലം, ഉടുക്ക്, മാൻ, മഴു, അഭയവരദങ്ങൾ തുടങ്ങിയ വിവിധായുധങ്ങളും ധരിച്ച് കൈലാസപർവ്വതത്തിന്റെ ഉത്തുംഗശൃംഗത്തിൽ അദ്ദേഹം വിരാജിക്കുന്നു.
എല്ലാം ഇല്ലാതാകുന്നത് ശ്മാശാനത്തിലാണ്. “ഷഡ്ത്രിംശത്തത്ത്വാനി വിശ്വം” എന്ന കൽപസൂത്രവചനമനുസരിച്ച് മുപ്പത്തിയാറ് തത്ത്വങ്ങളോട് കൂടിയ പ്രപഞ്ചം ഇല്ലാതാകുന്നിടമാണ് ശ്മശാനം. പ്രപഞ്ചാതീതനാണ് ശിവൻ എന്ന് കാണിക്കുവാനാണ് ശിവനെ ശ്മാശാനവാസിയായി ചിത്രീകരിച്ചിരിക്കുന്നത്. അറിയപ്പെടുന്നതിനെ എല്ലാം അറിവാകുന്ന അഗ്നിയിൽ ദഹിപ്പിച്ചുകഴിഞ്ഞാൽ അവശേഷിക്കുന്ന ശുദ്ധാഹംബോധത്തിന്റെ പ്രതീകമാണ് ശ്മശാനഭസ്മം. പ്രപഞ്ചോൽപ്പത്തിക്ക് മുൻപുള്ള പരപ്രമാത്രാവസ്ഥയാണ് ഇവിടെ വിവക്ഷിച്ചിരിക്കുന്നത്. നിയന്ത്രണ വിധേയമല്ലാത്ത വിചിത്രങ്ങളായ വാസനകളെ നിയന്ത്രണവിധേയമാക്കുമ്പോളാണ് ഈ അവസ്ഥ സംജാതമാകുന്നത് എന്നതുകൊണ്ട് സർപ്പഭൂഷണനാണ് ശിവൻ. ഈ വാസനകളുടെ ഉറവിടത്തെയാണ് ആധുനികശാസ്ത്രം ‘ ലിബിഡൊ ’ എന്നു പറയുന്നത്. വാസനാക്ഷയം നിയന്ത്രണം വഴി ജീവശക്തിയായ ലിബിഡൊയെ ഭൂഷണമാക്കിമാറ്റുവാൻ സാധിക്കുമെന്നും തദ്വാരാ ജീവിതം ജീവന് ഒരു അലങ്കാരമായി തീരുമെന്നും ഇവിടെ കാണിക്കുന്നു. രണ്ടുകണ്ണുകൊണ്ട് കാണുവാൻ സാധിക്കുന്ന പ്രപഞ്ചമായിരിക്കുകയില്ല മൂന്നുകണ്ണുകൊണ്ട്കാണുമാറാകുന്നത്. സാധാരണയുള്ള ജീവനുള്ള പ്രാപഞ്ചികബോധമല്ല പരമപ്രതാവായ ശിവനുള്ളത് എന്നു ഈ കൽപനകൊണ്ട് നമുക്കു ഗ്രഹിക്കാം. ക്ഷയിക്കുകയും വളരുകയും ചെയ്യുന്ന ചന്ദ്രൻ മാറിമാറിവരുന്ന കാലത്തെ കാണിക്കുന്നു.
കാലത്തെ പ്രതിനിധാനം ചെയ്യുന്ന ചന്ദ്രനെ ഫാലത്തിൽ ധരിക്കുകവഴി കാലാതീതനായ തത്ത്വമാണ് ശിവൻ എന്നു ധ്വനിക്കുന്നു. അതിരുകളില്ലാതെ സർവ്വവ്യാപിയായതുകൊണ്ട് ദിഗ്വസ്ത്രധാരിയാണ് ശിവൻ. അതായത് ദിഗംബരനാണ്-നഗ്നനാണ് എന്നർത്ഥം. ദേശകാലപരിച്ഛിന്നമായ പരമാർത്ഥത്തെ ദ്യോതിപ്പിക്കുവാൻ ഇതിലും നല്ല വഴിയുണ്ടെന്നു തോന്നുന്നില്ല. ശിരസ്സിൽനിന്നും മുകളിലോട്ട് ഒഴുകുന്ന ഗംഗാപ്രവാഹം ഊർദ്ധ്വമുഖിയായ പ്രകാശത്തെയാണ് സൂചിപ്പിക്കുന്നത്. പ്രകാശരൂപിയായ ശിവൻ അധോമുഖിയാകുമ്പോൾ അത് വിമർശരൂപിണിയായ പ്രപഞ്ചമായി ഭവിക്കും. ഊർധ്വഗാമിയാക്കുമ്പോൾ പ്രപഞ്ചാതീതമാവുകയും ചെയ്യും. ഗം എന്നാൽ പ്രകാശം, ഗാ എന്നാൽ പ്രവാഹം, ഗംഗാ എന്നാൽ പ്രകാശപ്രവാഹം. ജ്ഞാനജ്ഞാതൃജ്ഞേയമാകുന്ന പ്രപഞ്ചത്രിപുടിയെ ഭേദിച്ച് ഒന്നാക്കിതീർക്കുമ്പോൾ ത്രിശൂലം ആവിർഭവിക്കുന്നു. നാദത്തിൽ നിന്ന് ജനിക്കുന്ന പ്രപഞ്ചബോധത്തെ ഉടുക്കും ചഞ്ചലമായ വാസനകൾകൊണ്ട് നിയന്ത്രണാതീതമായ മനസ്സിനെ മാനായും നിശ്ചയാത്മികമായ ബുദ്ധിയെ മഴുവായും സങ്കൽപ്പിച്ചിരിക്കുന്നത് വളരെ ഔചിത്യപൂർണ്ണമാണ്. ആയുധങ്ങളുടെ അർത്ഥവിഭാവനകൊണ്ടും അതിന്റെ പ്രയോഗംകൊണ്ടും ശിവാവസ്ഥ പ്രാപിക്കാവുന്നതാണ്. ആയത് സദ്ഗുരുവേദ്യമായതുകൊണ്ട് ഇവിടെ വെളിപ്പെടുത്താവുന്നതല്ല.
പ്രപഞ്ചാതീതമായ ശിവബോധത്തിൽതന്നെയാണ് പ്രപഞ്ചബോധവും എന്ന് കാണിക്കുവാൻ ശിവന്റെ മടിത്തട്ടിൽ വശ്യസുന്ദരിയായ സർവ്വാഭരണവിഭൂഷിതയായ മുപ്പത്താറ് തത്ത്വാത്മികയായ വിശ്വമാതാവായ പാർവ്വതീദേവിയെ ഇരുത്തിയിരിക്കുന്നു. സ്ഥിരമായതിൽനിന്നേ ചരമായത് ഉദ്ഭവിക്കു എന്നുള്ളതിനാൽ ഹിമവത്പുത്രിയാകുന്നു ഉമാ. ചഞ്ചലപ്രകൃതിയായ ഉമക്ക് പതി പ്രപഞ്ചബോധാതീതനായ സ്ഥിരനായ സ്ഥാണു ആകുന്നു എന്നുള്ളതും അർത്ഥവത്താകുന്നു. പ്രപഞ്ചബോധവും പ്രപഞ്ചാതീതബോധവും ഒരുമിച്ചാകുന്നു യോഗി അനുഭവിക്കുക എന്നുള്ളതിനാലാണ് പാർവ്വതീപരമേശ്വരന്മാരെ വേർപിരിക്കാൻ പറ്റില്ല എന്നു പറയുന്നത്. വിശ്വാത്മകവിശ്വാതീതബോധത്തിലേക്ക് സാധകനെ നയിക്കുന്നത് കഠിനമായ സ്വപ്രയത്നവും അനുപമമായ ഗുരുകൃപയും ആകുന്നു. പാർവ്വതീപുത്രനായ ഗണപതി പ്രാപഞ്ചികബോധത്തിൽ നിൽക്കുന്ന സാധകന്റെ പ്രയത്നപ്രതീകമാകുന്നു. സാധകൻ നിൽക്കുന്നിടത്തുനിന്നേ യാത്ര ആരംഭിക്കുവാൻ സാധിക്കുകയുള്ളു. അത് മൂലാധാരം. മൂലാധാരസ്ഥിതനാണ് ഗണപതി എന്നോർക്കുക. ഉദ്യമസാഫല്യത്തിന് സ്വപ്രയത്നം മാത്രം പോരാ ഈശ്വരാനുഗ്രഹവും കൂടിയേതീരു എന്ന് സുവിദിതമാണ്. ഈശ്വരാനുഗ്രഹപ്രതീകമായി സുബ്രഹ്മണ്യൻ നിലകൊള്ളുന്നു. പരമശിവനുപോലും പ്രണവാർത്ഥം ഉപദേശിച്ച കുമാരൻ ഗുരുപ്രതീകമാണ്. സാധകന്റെ പ്രയത്നവും ഗുരുവിന്റെ അനുഗ്രഹവും യോജിക്കുമ്പോൾ വിശ്വാതീതവിശ്വാത്മകാനുഭൂതി യുഗപത് സംഭവിക്കും എന്ന് ചിത്രീകരിക്കുവാൻ ഇതിലും നല്ല കൽപന കാണുകയില്ല എന്ന് തീർച്ച.
ഈ ലേഖനത്തിൽ ഉയർന്ന സാധകനും തുടക്കക്കാരനും ഒരുപോലെ കാര്യങ്ങൾ ഗ്രഹിക്കുവാൻ പറ്റുന്നവിധത്തിലാകുന്നു പദങ്ങളുടെ പ്രയോഗം. ആയത് ശിവാനുഗ്രഹത്താൽ മനസ്സിലാക്കികൊള്ളുക.