ബാലപ്രബോധിനീ
(മലയാളം)
കേരളീയക്ഷേത്രതന്ത്രപാരമ്പര്യത്തിലെ പ്രധാനപ്പെട്ടതും പ്രസിദ്ധമായതുമായ ഒരു കൃതിയാണ് തന്ത്രസമുച്ചയം. ഈ ഗ്രന്ഥത്തിന് വിവരണം, വിമർശിനീ എന്നീ രണ്ടു വ്യാഖ്യാനങ്ങളും പ്രസിദ്ധമായുണ്ട്. എന്നാൽ അത്ര പ്രസിദ്ധമല്ലാത്തതായ ഒരു ഭാഷാവ്യാഖ്യാനവും ഇതിനുണ്ട്. ബാലപ്രബോധിനീ എന്നു പേരായ ഈ വ്യാഖ്യാനം താളിയോലരൂപത്തിലാണ് ഇന്ന് നിലനില്ക്കുന്നത്. Shripuram Manuscript Archives ൽ സൂക്ഷിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ Edited Copy ആദ്യമായി ഞങ്ങളുടെ Website ലൂടെ പ്രസിദ്ധീകരിക്കുന്നു. ഓരോ പടലങ്ങളായിട്ടാണ് ഇത് Website ൽ ലഭ്യമായിത്തുടങ്ങുക. ഇത് Site ൽ അംഗത്ത്വമുള്ളവർക്ക് Site ൽ നിന്നും തന്നെ വായിക്കുകയോ സൌജന്യമായി download ചെയ്യുകയോ ചെയ്യാവുന്നതാണ്.
കേരളീയതന്ത്രപാരമ്പര്യത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനമെന്നു പറയാവുന്ന ശ്രീ ഇ.വി. രാമൻ നമ്പൂതിരിയുടെ തന്ത്രസമുച്ചയത്തിന്റെ അവതാരികയിൽ ഈ ഒരു വ്യാഖ്യാനത്തെക്കുറിച്ചുള്ള പരാമർശമില്ല എന്നത് ഇത് ദുർലഭമായ ഒന്നാണ് എന്നതിനെ സൂചിപ്പിക്കുന്നു. ഇത് മുഴുവനായും പ്രാചീനമലയാളഭാഷാശൈലിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നത് ഇതിന്റെ പഴമയെയും സൂചിപ്പിക്കുന്നു. വ്യാഖ്യാനത്തിൽ പലയിടങ്ങളിലായി വിവരണപാഠങ്ങൾ അങ്ങനെ തന്നെ വ്യാഖ്യാതാവ് ഉദ്ധരിച്ചിട്ടുണ്ട്. ഇതിൽ നിന്നും വിവരണവ്യാഖ്യാനത്തിന് ശേഷം രചിക്കപ്പെട്ടതാണ് ഈ ഗ്രന്ഥമെന്ന് അനുമാനിക്കാം. ഗ്രന്ഥകാരന്റെ പേരോ മറ്റു വിവരങ്ങളോ ഇതിൽ കാണുന്നില്ല. എന്നാൽ താളിയോലയുടെ പുറംചട്ടയിൽ പുടയൂർ വ്യാഖ്യാനം എന്നെഴുതിക്കാണുന്നു. മാത്രമല്ല ഇതിന്റെ മംഗളശ്ലോകത്തിൽ “ഉമാപതിമഹം വന്ദേ ലക്ഷ്മീഗ്രാമനിവാസിനം” എന്നു കാണുന്നു. ലക്ഷ്മീഗ്രാമം എന്നത് കണ്ണൂരിലെ തളിപ്പറമ്പിനടുത്തുള്ള പെരുഞ്ചെല്ലൂർ ആണെന്നും ഉമാപതിയെന്നത് അവിടത്തെ പ്രസിദ്ധമായ രാജരാജേശ്വരക്ഷേത്രമാണെന്നും മനസ്സിലാക്കാം. അതിനാൽ ആ ക്ഷേത്രത്തിലെ ഊരാളന്മാരായ പുടയൂർ ഇല്ലത്തെ ഒരു പണ്ഡിതശ്രേഷ്ഠനായിരിക്കണം ഇതിന്റെ കർത്താവ് എന്നൂഹിക്കാം. പ്രാചീനമലയാളശൈലി മനസ്സിലാക്കാൻ പ്രയാസമായ ഇടങ്ങളിൽ അതിന്റെ അർത്ഥം ചേർത്തിട്ടുണ്ട്. ചിലയിടങ്ങളിൽ അവിടെ പരാമർശിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട Notes ഉം ചേർത്തിട്ടുണ്ട്.
കേരളത്തിലെ തന്ത്രശാസ്ത്രഗവേഷകർക്കും ഇത് പരിശീലിക്കുന്നവർക്കും ശാസ്ത്രകുതുകികൾക്കും സർവ്വോപരി മധുരമായ മലയാളവാങ്മയത്തിനുമായി ഈ ഗ്രന്ഥം ഞങ്ങൾ സമർപ്പിച്ചു കൊള്ളുന്നു.