Shripuram Articles

Awareness Meditation - A Solution for Crisis (വിമർശധ്യാനം)

A Solution for Crisis 
 
ജീവിതത്തിൽ നമുക്കുണ്ടായിക്കോണ്ടിരിക്കുന്ന പ്രതിസന്ധികളികൾക്കു പരിഹാരമായിട്ടോ അല്ലാതെയോ, അതായത് പരമമായ ഈശ്വരാരാധന എന്നതാണ് നമ്മുടെ ലക്ഷ്യം എങ്കിൽ അതിനായിട്ടും, ഉപയോഗിക്കുവാൻ പര്യാപ്തമായ ഒരു ധ്യാന രീതിയാണ്  Awareness Meditation എന്നത്.
അതിനായി നാം എന്തിനുവേണ്ടിയാണ് ഈ സാധന ചെയ്യുവാൻ പോകുന്നത് എന്ന ഉത്തമാമായ ബോധ്യത്തോടെ, അത് നമ്മളെ അലട്ടുന്ന ജീവിതപ്രതിസന്ധികളാവാം അതല്ല ഈശ്വരാരാധന എന്ന ലക്ഷ്യമാവാം അങ്ങനെ,  എന്തുതന്നെയായാലും അത് മനസ്സുകൊണ്ട് നമ്മളുടേതായ ഭാഷയിൽ ഉറച്ച് സങ്കല്പ്പിച്ച് സ്വസ്ഥമായ ഒരു സ്ഥലത്ത് നമുക്ക് ഇഷ്ടമുള്ള രീതിയിൽ ഇരിക്കുക. നടുനിവർത്തിതന്നെ ഇരിക്കണമെന്ന നിർബന്ധമില്ല, പലസാധനകൾക്കും അങ്ങനെതന്നെ ഇരിക്കണം എന്ന നിർബന്ധമുണ്ടെങ്കിലും ഈ ധ്യാനരീതിയിൽ അതിന്റെ ആവശ്യമില്ല. അവനവന് സുഖമായി ബുദ്ധിമുട്ടുകൾ ഇല്ലാതെ എങ്ങനെയാണോ ഇരിക്കാൻ സാധിക്കുക അപ്രകാരം ഇരിക്കാവുന്നതാണ്. അതായത് ചമ്രം പടിഞ്ഞോ, ഇരിപ്പിടങ്ങളിളോ, സോഫപോലുള്ളവയിലോ ഇനി നടുവിനും കഴുത്തിനുമെല്ലാം ബുദ്ധിമുട്ടുള്ളവരാണ് എങ്കിൽ ചാരിയിരിക്കാൻ പറ്റുന്ന രീതിയിലോ അങ്ങനെ ഏത് രീതിയിലാണെങ്കിലും കുഴപ്പമില്ല. ഓരോരുത്തർക്കും സുഖമായി ഇരിക്കാൻ സാധിക്കുന്ന ഒരു രീതിയിൽ ഇരിക്കുക. അങ്ങനെ ഇരുന്നതിനുശേഷം കണ്ണുകൾ സാവധാനം അടയ്ക്കുക. ഇങ്ങനെ  കണ്ണുകൾ അടച്ചിരിക്കുന്ന സമയത്ത് കണ്ണിന്റെ മാംസപേശികൾ, താടിയെല്ലിന്റെ ഭാഗത്തെ മാംസപേശികൾ, കഴുത്തിന്റെയും തോൾഭാഗത്തിന്റേയും ഭാഗത്തുള്ള മാംസപേശികൾ എല്ലാം അയച്ചിടുക. അതായത് ശരീരത്തിന്റെ ഒരു ഭാഗവും tensed അല്ലാതെ പൂർണ്ണമായും relaxed ആയിട്ടിരിക്കുവാൻ നാം നമ്മുടെ ശരീരം മുഴുവനും ഒന്നു ശ്രദ്ധിക്കുക. എന്നിട്ട് നമ്മളുടെ ശ്രദ്ധ പതുക്കെ നമ്മളുടെ ശ്വാസോഛ്വാസത്തിലേക്കു കൊണ്ടുവരിക. അങ്ങനെ കൊണ്ടുവരുമ്പോൾ ഒരുരീതിയിലും ശ്വാസത്തെ നിയന്ത്രിക്കാൻ പാടുള്ളതല്ല, അതായത് അകത്തേക്കും പുറത്തേക്കുമുള്ള നമ്മളിലെ ശ്വാസഗതിയെ യാതോരുവിധ നിയന്ത്രണങ്ങൾക്കും വിധേയമാക്കാതെ ശ്രദ്ധയോടുകൂടി ഒരു കാഴ്ച്ചക്കാരനായി കണ്ടിരിക്കുക. ഒരു രീതിയിലുമുള്ള ഇടപെടലുകളും അതിൽ നടത്താതിരിക്കുക. ശ്വാസത്തിന്റെ ഗതി പല രീതിയിലും ആയിരിക്കാം നീളം കൂടിയവയാകാം, നീളംകുറഞ്ഞതാകാം, ഇടയ്ക്കു മുറിഞ്ഞ രീതിയിലാവാം അങ്ങനെ പല രീതികളിലാവാം ഓരോരുത്തരുടേയും ശ്വാസം അകത്തേക്കും പുറത്തേക്കും വരുന്നത്. അത് എങ്ങനെയും ആയിക്കൊള്ളട്ടെ അതിനെ ശ്രദ്ധാപുരസ്സരം നിരീക്ഷിച്ചുകൊണ്ട് അങ്ങനെതന്നെ ഇരിക്കുക. അങ്ങനെ ഇരിക്കുന്ന സമയത്ത് നമ്മളുടെ ശ്രദ്ധ പലപ്പോഴും നാം അറിയാതെ തന്നെ  മറ്റു പലതരത്തിലുള്ള ചിന്തകളുടെ ചിറകിലേന്തി പലകാര്യങ്ങളിലേക്കും സ്വാഭാവികമായിതന്നെ വ്യതിചലിച്ചു പോയേക്കാം. അങ്ങനെ വ്യതിചലിച്ചുപോയി എന്നു നാം തിരിച്ചറിയുന്ന ആ ഒരു നിമിഷത്തിൽ വീണ്ടും നമ്മളുടെ ശ്രദ്ധയെ വളരേ പതുക്കെ ബലപ്രയോഗം കൂടാതെ ശ്വാസോഛ്വാസത്തിലേക്കു തിരിച്ചുകൊണ്ടുവരിക. പിന്നെയും അങ്ങനെ പല ആവൃത്തി ശ്രദ്ധ വ്യതിചലിച്ചുപോയേക്കാം അപ്പോളെല്ലാം ഇതേപോലെ വളരെ സാവധാനത്തിൽ ശ്രദ്ധയെ ശ്വാസോഛ്വാസത്തിലേക്കു തിരിച്ചുകൊണ്ടുവരിക. നമ്മൾ ശ്വാസോഛ്വാസത്തിൽ ശ്രദ്ധിക്കുന്നതും അത് നമ്മൾ അറിയാതെ വ്യതിചലിക്കുന്നതും നാം അത് തിരിച്ചറിയുന്നതും അപ്പോൾ സാവധാനം ആ ശ്രദ്ധയെ തിരിച്ചുകൊണ്ടു വരുന്നതും എല്ലാം ധ്യാനം തന്നെയാണ്. അതുകൊണ്ട് ചിന്തകൾ ഉണ്ടാകുന്നതിലും ശ്രദ്ധ വ്യതിചലിച്ചു പോകുന്നതിലും ഒന്നും യാതോരുവിധകുറ്റബോധമോ, ശരിയാണോ തെറ്റാണോ എന്നുള്ള സംശയങ്ങളോ ഒന്നും ഉണ്ടാവേണ്ട ആവശ്യമില്ല. ഇങ്ങനെ ഒരു നാഴിക, 24മിനിറ്റ്, നേരം ഇതുപോലെ ശ്വോസോഛ്വാസത്തെ ശ്രദ്ധിച്ച് ധ്യാനിക്കുക. എന്നിട്ട് പതുക്കെ ദീർഘമായി ശ്വോസോഛ്വാസം എടുത്ത് സാവധാനം കണ്ണുകൾ തുറന്ന് ഇതിൽനിന്നും പുറത്തേക്കുവരിക.
ഇങ്ങനെ  ദിവസത്തിൽ രണ്ടുനേരം ഈ ധ്യാനപ്രക്രിയ ചെയ്യാവുന്നതാണ്. രണ്ട് നേരം സാധിക്കാത്തവർക്ക് ഒരുനേരം എന്ന രീതിയിലും ചെയ്യാവുന്നതാണ്. ഉറക്കത്തിനു മുമ്പായി ചെയ്യാതിരിക്കുന്നതാവും ഉത്തമം. കാരണം ഇത് ചെയ്ത ഉടനെ ഉറക്കം വരാൻ സാധ്യതകുറവാണ്. ഓരോരുത്തരും ചെയ്തുനോക്കി അവരവരുടെ ഒരു സമയം കണ്ടെത്താവുന്നതാണ്. ഇതിൽ ശ്രദ്ധിക്കേണ്ടുന്ന ഒരു നിയമം എന്നത് ഒന്നിലും ഇടപെടരുത് എന്നതുമാത്രമാണ്. നമ്മളിലെ ഒരു സ്വാഭാവിക പ്രക്രിയ എന്നത് സദാസമയം നമ്മുടെ ശരീരത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുക എന്നതാണ്. നമ്മുടെ മനസ്സിന്റേയും ബുദ്ധിയുടേയും അഭിപ്രായങ്ങൾ ശരീരത്തിന്റെ മുകളിൽ അടിച്ചേല്പ്പിച്ചുകൊണ്ടേ ഇരിക്കുകയാണ്. അതിനുപകരം ശരീരത്തെ അതിന്റെ സ്വാഭാവികമായ രീതിക്കു വിട്ടുകൊടുക്കുകയാണ് എങ്കിൽ സുഖമായ ഒരു രീതി കുറച്ചുകാലങ്ങൾകൊണ്ട്  ശരീരംതന്നെ കണ്ടെത്തിക്കൊള്ളും. അപ്പോൾ ശരീരത്തിലോ, ശ്വാസോഛ്വാസത്തിലോ, ചിന്തകളിലോ ഒന്നിലുംതന്നെ ഇടപെടലുകൾ നടത്താതിരിക്കുക. ഈ ശ്വാസോഛ്വാസത്തിൽ ശ്രദ്ധിക്കുക എന്നുള്ളൊരു ധ്യാനരീതി വളരെ പണ്ടുമുതലെ, വേദകാലഘട്ടം മുതലെ, നിലവിലുള്ള ഒരു ധ്യാനരീതിയാണ്. ശ്വാസവും ബോധവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് നമ്മുടെ പൂർവ്വസൂരികൾക്കറിയാമായിരുന്നു. പ്രജ്ഞയും പ്രാണനും ഒന്നാണ്. പ്രജ്ഞതന്നെയാണ് പ്രാണൻ പ്രാണൻ തന്നെയാണ് പ്രജ്ഞ. പ്രജ്ഞ എന്നാൽ നമ്മളിലെ Awareness പ്രാണൻ എന്നുപറയുന്നത് ശ്വാസോഛ്വാസം. അപ്പോൾ നമ്മൾ ഒരിടത്ത് സ്വസ്ഥമായിരുന്ന് നമ്മുടെ ശ്വാസത്തെ വീക്ഷിക്കുകയാണ്, ഇടപെടാതെ. ശ്വാസോഛ്വാസം ഈശ്വരനാണ്. അതായത് നമ്മൾ വെറുതേയിരുന്ന് ആ ശ്വാസോഛ്വാസത്തെപ്പറ്റി Aware ആവുകയാണെങ്കിൽ നാം Aware ആകുന്നത് ഈശ്വരനെക്കുറിച്ചാണ്.നമ്മുടെ ഇഷ്ടദേവതയുടെ സ്വരൂപത്തെക്കുറിച്ചാണ്.
ഇതിൽ ഓരോരുത്തർക്കും ആവശ്യമായ നിയമങ്ങളും വരുത്തേണ്ടുന്ന മാറ്റങ്ങളുമെല്ലാം  ഈ ധ്യാനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ അവരവർക്കുതന്നെ മനസ്സിലായിക്കൊള്ളുമെന്നതിനാൽ ഇടപെടൽ നടത്തരുത് എന്നതൊഴിച്ചാൽ മറ്റു നിയമങ്ങളൊന്നുംതന്നെയില്ല. ഈ ഒരു ധ്യാന പ്രക്രിയ അതിവിശിഷ്ടവും മഹത്ത്വപൂർണ്ണവുമാണ്.
 
സംക്ഷിപ്തം
ഒരിടത്ത് സ്വസ്ഥമായി ഇരിക്കണം. കണ്ണുകളടച്ച് മുഖത്തേയും തോളുകളുടേയും തുടർന്ന് മുഴുവൻ ശരീരത്തിലേയും മാംസപേശികൾ അയവുവരുത്തുക.  പതുക്കെ ശ്രദ്ധ ശ്വാസോച്ഛ്വാസത്തിൽ കേന്ദ്രീകരിക്കുക. എന്നാൽ ശ്വാസോച്ഛ്വാസത്തെ ഒരുകാരണവശാലും നിയന്ത്രിക്കരുത്. സ്വാഭാവികമായ താളത്തിലുള്ള ശ്വാസസഞ്ചാരത്തെ ഒരു കാഴ്ചക്കാരനായി നോക്കിയിരിക്കുക. എപ്പോഴോക്കെയാണോ ശ്രദ്ധ ഇതിനിടയിൽ വഴിമാറിപ്പോകുന്നത് അപ്പോഴൊക്കെ വീണ്ടും അതിനെ തിരിച്ച് ശ്വാസോച്ഛ്വാസത്തിലേക്ക് കൊണ്ടുവരിക. ഇങ്ങനെ ഒരു നാഴിക അതായത് ഇരുപത്തിനാല് മിനിട്ട് ചെയ്യണം.  അതുകഴിഞ്ഞാൽ ശ്വാസം ദീർഘമായി എടുത്ത് ധ്യാനം നിർത്താം. ഇപ്രകാരം രാവിലെയും വൈകുന്നേരവും രണ്ടുനേരമയി ചെയ്യാവുന്നതാണ്. ഒരുനേരം മാത്രമായും ചെയ്യാം. 
ഇതു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്വാഭാവികമായ ശ്വാസഗതിയേയോ ഇടയിലുണ്ടാകുന്ന ചിന്തകളേയോ  ഒന്നും തന്നെ നിയന്ത്രിക്കാൻ ശ്രമിക്കരുത്.
 
(shripuram YouTube channel ലിലുള്ള Awareness Meditation - A Solution for Crisis എന്ന വീഡിയോയിൽനിന്നും പകർത്തിയത്)