Shripuram Articles

യന്ത്ര തത്ത്വം (Yantra Tathwam)

ശ്രീലളിതാത്രിപുരസുന്ദരിയുടെ സൂക്ഷ്മരൂപമായ ശ്രീചക്രം എന്നത് വെറും ജ്യാമിതീയരൂപങ്ങളായ ത്രികോണങ്ങൾ, വൃത്തങ്ങൾ, ചതുരങ്ങൾ ഇവ മാത്രമല്ല.   ഈ ഒരു രൂപത്തിന്റെ പുറകിൽ അതിഗഹനമായ ഒരു തത്ത്വം ഒളിഞ്ഞുകിടപ്പുണ്ട്. അതായത് യന്ത്രത്തിന്റെ കേന്ദ്രം എന്നത് അതിന്റെ ബിന്ദുവാണല്ലോ....
ബിന്ദുവിനു ചുറ്റും കാണുന്ന വൃത്തത്രികോണങ്ങൾ ഇതേ ബിന്ദു വികസിച്ചുണ്ടായ ജ്യാമിതീയ രൂപങ്ങളാണ്. ഒരേ ബിന്ദുതന്നെ നേർരേഖയായും, ത്രികോണമായും, വൃത്തമായുമൊക്കെ പരിണമിക്കുന്നു. ഈ ബിന്ദു പലരൂപങ്ങളായിപരിണമിക്കുമ്പോഴും എല്ലാ രൂപങ്ങളുടേയും കേന്ദ്രബിന്ദുവായി മാറ്റമില്ലാതെ അത് തുടരുന്നു. പക്ഷേ യന്ത്രം കാണുമ്പോൾ ബിന്ദു വേറെയായും വൃത്തത്രികോണങ്ങൾ ബിന്ദുവിൽനിന്ന് വ്യത്യസ്തങ്ങളാണെന്നുമുള്ള പ്രതീതിയാണുണ്ടാവുന്നത്.
വാസ്തവത്തിൽ ബിന്ദു വികസിച്ചാണ് ഈ രൂപങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. ഈ ഒരു തത്ത്വം വേറൊരുരീതിയിൽ പറഞ്ഞാൽ പരമമായതത്ത്വം (പരശിവൻ) പരിണമിച്ചുണ്ടായതാണീ പ്രപഞ്ചം. ഈ പരശിവൻ ഒരേ സമയം വിശ്വോത്തീർണ്ണനായും (പ്രപഞ്ചാതീതൻ) അതേ സമയംതന്നെ വിശ്വാത്മകനായും (പ്രപഞ്ചത്തിലെ വിവിധ രൂപങ്ങൾ) കുടികൊള്ളുന്നു. പലപലരൂപങ്ങളിൽ പരിണമിച്ച പരശിവൻ പലതാണെന്നുള്ള ഒരു ഭേദബുദ്ധി ഈയൊരു ജ്യാമിതീയരൂപങ്ങളുടെ തത്ത്വം മനസ്സിലാവുന്നതോടുകൂടി അകന്നുപോകുന്നു.
ഒന്നു പലതായിത്തീരുമ്പോഴും അത് ഒന്നായിത്തന്നെ നിലകൊള്ളുന്നു. പരമമായത് പലതാകുമ്പോഴും അതിന്റെ പാരമ്യത ഇല്ലാതാകുന്നില്ല. പലതായതെല്ലാം പരമമായതുതന്നെയാണ് എന്ന രഹസ്യവും ഇത് വെളിപ്പെടുത്തുന്നു.