Śrīnāgakālīsameta Aṣṭanāgeśvara Kāvu

ശ്രീ നാഗകാളീ സമേത
അഷ്ടനാഗേശ്വരക്കാവ്

English version

Śrīnāgakālīsameta Aṣṭanāgeśvara Kāvu

ശ്രീ നാഗകാളീ സമേത
അഷ്ടനാഗേശ്വരക്കാവ്

English Version
ശ്രീപുരം

നാഗകാളീ സമേത
അഷ്ടനാഗേശ്വരക്കാവ്

               കേരളം മുഴുവൻ നാഗങ്ങൾ നിറഞ്ഞ കാടായിരുന്നു എന്നുള്ള ഒരു ഐതിഹ്യം ഇന്നും സജീവമായിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം നിലവിലുള്ള കാടുപിടിച്ചുകിടക്കുന്ന ഭീതിയുണ൪ത്തുന്ന നാഗക്കാവുകൾ കേവലം ഒരു വിഭാഗത്തിന്റെ ആരാധനാസങ്കേതം മാത്രമല്ല, പാരിസ്ഥിതികമായ സന്തുലനാവസ്ഥ നിലനി൪ത്തുന്നതിൽ ഏറേ പങ്കുവഹിക്കുന്നുണ്ടെന്നുള്ളതും ഇന്നേവ൪ക്കും അറിയാവുന്നതാണ്. പ്രകൃതി കേവലം മനുഷ്യനുമാത്രം ഉപയോഗിക്കുവാനുള്ള ഒരു ഉപഭോഗവസ്തു മാത്രമാണെന്നുള്ള തെറ്റായ ധാരണയിൽനിന്ന് ഉടലെടുക്കുന്ന പ്രകൃതിവിരുദ്ധപ്രവൃത്തികൾ നമ്മുടെ അന്തരീക്ഷത്തെ ഇന്നേറെ കലുഷമാക്കിയിരിക്കുന്നു.

               എന്നാൽ നമ്മുടെ ആവാസവ്യവസ്ഥയിലുള്ള ഓരോ ജീവജാലത്തിനും അതിന്റേതായ പ്രാധാന്യവും പെരുമാറാനുള്ള പരിസരവുമുണ്ടെന്നുതിരിച്ചറിഞ്ഞ മഹാമനീഷികളാൽ ലോകനന്മക്കായി വിഭാവനം ചെയ്യപ്പെട്ടതാണ് കാവുകളും കാടുപിടിച്ച മറ്റാരാധനാ കേന്ദ്രങ്ങളും. ഈ ദൃഷ്ടിയിൽ നാഗക്കാവുകൾക്ക് ഇന്നേറെ പ്രസക്തിയുണ്ട്. താന്ത്രികസിദ്ധാന്തമനുസരിച്ച് നാഗം സൂക്ഷ്മശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ഈ കുണ്ഡലിനീശക്തി ഉണ൪ന്ന് സഹസ്രാരത്തിലെ ശിവനുമായി മേളിക്കുമ്പോളാണ് ഒരാൾക്ക് ശിവനാണെന്നുള്ള തിരിച്ചറിവ് പൂ൪ണ്ണമായുണ്ടാകുന്നതും അലൌകികമായ ആനന്ദാനുഭൂതിയുണ്ടാകുന്നതും. ഈ ദൃഷ്ടിയിലും നാഗങ്ങൾ നമ്മുടെയെല്ലാം ഉള്ളിലുറങ്ങിക്കിടക്കുന്ന അനന്തമായ പ്രാപഞ്ചികശക്തിയുടെ പ്രതിരൂപങ്ങളാണ്.

ദർശനം
ആയില്യം നാളുകളിൽ മാത്രം .

ലോകത്തിന്റെ പല കോണുകളിലും നിലവിലുള്ള വൈവിദ്ധ്യമാർന്ന ആരാധനാ സമ്പ്രദായങ്ങളിൽ പൊതുവായി കാണപ്പെടുന്ന ഒരു ദേവതാ സങ്കൽപ്പമാണ് നാഗ/ സർപ്പങ്ങൾ എന്നത്. കേരളത്തിലും നാഗാരാധന പുരാതനകാലം മുതൽക്കുതന്നെ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. മാത്രവുമല്ല കേരളം ഒരു സർപ്പ ഭൂമി കൂടിയാണ്.  കേവലം ഒരു ഈശ്വരാരാധന എന്നതിനപ്പുറം സർപ്പക്കാവുകൾ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന സങ്കേതങ്ങൾ കൂടിയാണ്. മരങ്ങളും കുളങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശേഷാൽ കാവുകളുടെ പ്രാധാന്യം വളരെ വലുതാണ്. പ്രകൃതിയുടെ അവിഭാജ്യ ഘടകങ്ങളായ നാഗങ്ങളുടെ അതിവിശേഷപ്പെട്ടതും അനുപമമായതുമായ ഒരു ആരാധനാ സങ്കേതമാണ് ശ്രീപുരം നാഗകാളീ സമേത അഷ്ടനാഗേശ്വരക്കാവ്.
ശ്രീനാഗകാളീസമേത അഷ്ടനാഗേശ്വരക്കാവ്

പ്രതിഷ്ഠ

വൃത്താകൃതിയിലുള്ള നാഗത്തറയിൽ നാഗേശ്വരന്റെ സദസ്സിൽ മദ്ധ്യത്തിൽ ശിവൻ കുടികൊള്ളുന്നരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. അഷ്ടനാഗബിംബങ്ങൾ ഓരോന്നും പ്രത്യേക ആയുധങ്ങളോടും ചിഹ്നങ്ങളോടും ഭൂഷണങ്ങളോടും കൂടി പൂ൪ണ്ണമായ സ്വരൂപത്തിലുള്ളവയാണ്. അവയെല്ലാംതന്നെ മനോഹരമായി ശിലയിൽ പണിതീ൪ത്ത ശില്പങ്ങളാണ്. മദ്ധ്യത്തിൽ നാഗവിഭൂഷിതനായ ശിവനും, നന്നാലു നാഗങ്ങൾ ശിവന്റെ ഇടത്തും വലത്തുമായി വൃത്താകൃതിയിൽ പീഠത്തിൽ പടിഞ്ഞാറഭിമുഖമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അഷ്ടനാഗവിഭൂഷിത നാഗേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി നാഗയക്ഷി, നാഗചാമുണ്ഡി, നാഗകാളി എന്നീ മൂന്ന് ശക്തിസ്വരൂപിണികളായിട്ട് കോൽ ബിംബത്തിൽ നാഗകാളീ പ്രതിഷ്ഠയും ചെയ്തിരിക്കുന്നു. അതുകൂടാതെ ത്വരിതാ സങ്കൽപ്പത്തിലുള്ള വിശേഷതകൂടി ചേർന്നതാണ് നാഗകാളീ പ്രതിഷ്ഠ. നാഗകാളിയുടെ ഇടതുഭാഗത്ത് അഖിലസർപ്പസ്ഥാനവും കല്പിച്ചിരിക്കുന്നു.
01

നാഗബലി

എല്ലാതരത്തിലുമുള്ള നാഗദോഷങ്ങൾക്കും പ്രായശ്ചിത്തം
02

ആശ്ലേഷാ ബലി

വൈഷ്ണവ പ്രധാനമായ സർപ്പാരാധന
03

സർപ്പ പ്രസാദന ഹോമം

കാളസർപ്പദോഷത്തിനുള്ള പ്രതിവിധി

ആചാരങ്ങൾ

എല്ലാ മാസത്തിലും ആയില്ല്യം നാളിൽ മാത്രമാണ് ഇവിടെ പൂജകൾ നടത്തപ്പെടുന്നത്. അന്നേദിവസം ആയില്ല്യം പൂജ, അഷ്ടനാഗസമേത നാഗേശ്വരപൂജ, നാഗകാളീ പൂജ, നൂറുംപാലും, സർപ്പബലി എന്നിവ ആചരിച്ചുവരുന്നു. കൂടാതെ കന്നിമാസത്തിലെ ആയില്ല്യം നാഗേശ്വരപ്രധാനവും, കാവിൻ്റെ പ്രതിഷ്ഠാ ദിനവും തുലാമാസത്തിലെ ആയില്ല്യം നാഗകാളീ പ്രധാനവുമായിട്ടാണ് ആചരിക്കപ്പെടുന്നത്. ഈ രണ്ടു ആയില്ല്യങ്ങളിലും വിശേഷമായി നാഗകാളീ ഗുരുതിയും (ബൃഹത് ത്രൈലോക്യ ഗുരുതി) നടത്തപ്പെടുന്നു. കന്നിമാസപൂജകളുടെ പര്യവസാനത്തിൽ ദേവഗണങ്ങൾക്കു പൂജിക്കുവാൻ എന്ന സങ്കല്പത്തിൽ പൂജയ്ക്കായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിവയ്ക്കുന്ന അതിവിശേഷമായ ഒരു ആചാരവും ഇവിടെ ആചരിക്കപ്പെടുന്നു. 

മനുഷ്യരുടെ ഒരു വർഷം ദേവന്മാരുടെ ഒരു ദിവസം എന്ന പൌരാണിക സങ്കല്പപ്രകാരം എല്ലാദിവസവും ദേവഗണങ്ങളാൽ പൂജിക്കപ്പെടുന്ന ഒരു അപൂർവ്വ സങ്കേതമാണ് ഇവിടം. ഇവിടെ മറ്റുകാവുകളിൽ കാണപ്പെടുന്നതുപോലെയുള്ള ശുദ്ധാശുദ്ധം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നിവ ആചരിക്കപ്പെടുന്നില്ല. ഇതുവഴി ഈ കാവുമുന്നോട്ടുവയ്ക്കുന്ന ഒരാശയം നമ്മളെ ഈശ്വരനിൽ നിന്നും അകറ്റുകയല്ല അടുപ്പിക്കുകയാണ് വേണ്ടത് എന്നതുമാണ്.
 
നാഗങ്ങളുമായി ബന്ധപ്പെട്ട നാഗഗണപതിഹോമം, നാഗസുബ്രഹ്മണ്യപൂജ തുടങ്ങിയ വിവിധ സമ്പ്രദായങ്ങളിലുള്ളതും കാലങ്ങളായി ആചരിക്കാത്തവയുമായ ആചാരങ്ങൾ ഞങ്ങളുടെ ഗവേഷണത്തിന്റെ ഫലമായി കണ്ടെത്തപ്പെടുന്ന മുറയ്ക്ക് അവയുടെ പുനരുജ്ജീവനം എന്ന ലക്ഷ്യം മുൻനിർത്തി ഇവിടെ നടത്തപ്പെടുന്നു. അപ്രകാരം ആചരിക്കപ്പെട്ടിട്ടുള്ള വിശേഷ ക്രിയകളിൽ പെട്ടതാണ് നാഗബലി, ആശ്ലേഷാ ബലി, സർപ്പപ്രസാദനഹോമം എന്നിവയെല്ലാം. 

ഇതിനെല്ലാം പുറമെ പരമ്പരാഗതമായ ആചാരങ്ങളിൽ പെടുന്നതും കലാമൂല്യമുള്ളതുമായ അഷ്ടനാഗേശ്വരീ നാഗേശ്വര തെയ്യം, കളംപാട്ട് തിരിയുഴിച്ചിൽ, പുള്ളുവൻപാട്ട് എന്നിവയും ഇവിടെ ആചരിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

നാഗബലി

ഈ അത്യപൂർവ്വമായ ബലിക്രിയ രണ്ടുനൂറ്റാണ്ടുകളായിട്ടെങ്കിലും നടന്നുവരുന്നില്ല എന്നാണ് അനുമാനിക്കപ്പെടുന്നത്. അന്യംനിന്നുപോയ ആരാധനാസമ്പ്രദായങ്ങളെ പുനരുദ്ധരിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാഗബലിയും പുനരുജ്ജീവിക്കപ്പെട്ടത്. എല്ലാതരത്തിലുമുള്ള നാഗദോഷങ്ങൾക്കും പ്രായശ്ചിത്തമാണ് നാഗബലി. ഇതിൽ സ്വർഗ്ഗ,ഭൂമി,പാതാളങ്ങളിലുള്ള മുഴുവൻ നാഗങ്ങളുടേയും സാന്നിദ്ധ്യം സങ്കൽപ്പിച്ച് ആവാഹിച്ച് വിവിധതരത്തിലുള്ള അത്യപൂർവ്വമായ പൂജകളാൽ അവരെ തൃപ്തിപ്പെടുത്തുന്നു. ഇതിൽ നാഗബലിക്കു സന്നിഹിതരായ എല്ലാവരും ചേർന്ന് ഇടിച്ച് പൊടിക്കുന്ന അരിപ്പൊടികൊണ്ടാണ് നാഗങ്ങൾക്കുള്ള തർപ്പണം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലുടനീളം ജാതിലിംഗ അതിർവരമ്പുകൾ കണക്കിലെടുക്കുന്നില്ല. തുടർന്ന് നാഗദോഷങ്ങളെയെല്ലാം ഗുരുതിയിൽ ആവാഹിച്ച് അർദ്ധരാത്രിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാഗങ്ങൾക്കു ഗുരുതിതർപ്പണം ചെയ്യുന്നു. തർപ്പണാനന്തരം സംതൃപ്തരായ സർവ്വലോകനാഗങ്ങളുടേയും അനുഗ്രഹം ദേശനിവാസികളുടെ ക്ഷേമൈശ്വര്യങ്ങൾക്ക് കാരണമായിത്തീരട്ടെ എന്ന വിശാലമായ സങ്കൽപ്പത്തോടെയുള്ള പ്രാർത്ഥനയോടെ ബലിക്രിയ അവസാനിക്കുന്നു.ഇങ്ങനെയൊരു ആരാധനാ സമ്പ്രദായം വർഷങ്ങളായിട്ടുള്ള പഠനമനനങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്.

ആശ്ലേഷാ ബലി

അപൂർവ്വമായി മാത്രം കേരളത്തിൽ നടന്നു വരുന്ന ഒരു സർപ്പാരാധനാ സമ്പ്രദായമാണിത്. കേരള സർപ്പാരാധനയിലെ പ്രധാന ചടങ്ങായ സർപ്പബലി ശൈവ സംബന്ധമായ ഒന്നാണെങ്കിൽ ഇത് വൈഷ്ണവ പ്രധാനമായ സർപ്പാരാധനാ സമ്പ്രദായമാണ്. ഇതിൽ അഷ്ടനാഗങ്ങളേയും അവരുടെ അധിപതിയായ സങ്കർഷണ സ്വരൂപത്തിലുള്ള മഹാവിഷ്ണുവിനേയും ഒരു പ്രത്യേക ക്രമത്തിൽ പൂജിക്കുന്നു. ഒരു മനുഷ്യനുണ്ടായേക്കാവുന്ന എല്ലാ വിഘ്നങ്ങളുടേയും ദൂരീകരണത്തിനും അവന്റെ എല്ലാവിധ സമ്പൽ സമൃദ്ധിക്കും ഇത് ഉപകരിക്കുന്നു എന്ന് ഇതിന്റെ മഹാസങ്കൽപ്പത്തിൽ പ്രതിപാദിക്കുന്നു.

സർപ്പ പ്രസാദന ഹോമം

ഇരുനൂറിൽപ്പരം വർഷങ്ങൾക്കു മുമ്പ് സർപ്പപ്രീതിക്കായി ചെയ്തിരുന്ന ഒരു വിശേഷ ഹോമക്രിയയാണിത്. പിന്നീട് താളിയോലകളിൽ മാത്രമായി അവശേഷിക്കപ്പെട്ട ഈ അപൂർവ്വ ക്രിയ ഈ കാവിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. കാളസർപ്പദോഷത്തിനുള്ള പ്രതിവിധികൂടിയായിട്ടാണ് ഈഹോമത്തിനെ കണ്ടിരിക്കുന്നത്

प्रयत्नः साधकः।।
गुरुरुपायः।।

ദർശനം ആയില്യം നാളുകളിൽ മാത്രം

ദർശന സമയം: