slider.jpg

അഷ്ടനാഗേശ്വര കാവ്

കേരളം മുഴുവൻ നാഗങ്ങൾ നിറഞ്ഞ കാടായിരുന്നു എന്നുള്ള ഒരൈതിഹ്യം ഇന്നും സജീവമായിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം നിലവിലുള്ള കാടുപിടിച്ചുകിടക്കുന്ന ഭീതിയുണ൪ത്തുന്ന നാഗക്കാവുകൾ കേവലം ഒരു വിഭാഗത്തിന്റെ ആരാധനാസങ്കേതം മാത്രമല്ല, പാരിസ്ഥിതികമായ സന്തുലനാവസ്ഥ നിലനി൪ത്തുന്നതിൽ ഏറേ പങ്കുവഹിക്കുന്നുണ്ടെന്നുള്ളതും ഇന്നേവ൪ക്കും അറിയാവുന്നതാണ്. പ്രകൃതി കേവലം മനുഷ്യനുമാത്രം ഉപയോഗിക്കുവാനുള്ള ഒരു ഉപഭോഗവസ്തു മാത്രമാണെന്നുള്ള തെറ്റായ ധാരണയിൽനിന്ന് ഉടലെടുക്കുന്ന പ്രകൃതിവിരുദ്ധപ്രവൃത്തികൾ നമ്മുടെ അന്തരീക്ഷത്തെ ഇന്നേറെ കലുഷമാക്കിയിരിക്കുന്നു. എന്നാൽ നമ്മുടെ ആവാസവ്യവസ്ഥയിലുള്ള ഓരോ ജീവജാലത്തിനും അതിന്റേതായ പ്രാധാന്യവും പെരുമാറാനുള്ള പരിസരവുമുണ്ടെന്നുതിരിച്ചറിഞ്ഞ മഹാമനീഷികളാൽ ലോകനന്മക്കായി വിഭാവനം ചെയ്യപ്പെട്ടതാണ് കാവുകളും കാടുപിടിച്ച മറ്റാരാധനാ കേന്ദ്രങ്ങളും. ഈ ദൃഷ്ടിയിൽ നാഗക്കാവുകൾക്ക് ഇന്നേറെ പ്രസക്തിയുണ്ട്. താന്ത്രികസിദ്ധാന്തമനുസരിച്ച് നാഗം സൂക്ഷ്മശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ഈ കുണ്ഡലിനീശക്തി ഉണ൪ന്ന് സഹസ്രാരത്തിലെ ശിവനുമായി മേളിക്കുമ്പോളാണ് ഒരാൾക്ക് ശിവനാണെന്നുള്ള തിരിച്ചറിവ് പൂ൪ണ്ണമായുണ്ടാകുന്നതും അലൌകികമായ ആനന്ദാനുഭൂതിയുണ്ടാകുന്നതും. ഈ ദൃഷ്ടിയിലും നാഗങ്ങൾ നമ്മുടെയെല്ലാം ഉള്ളിലുറങ്ങിക്കിടക്കുന്ന അനന്തമായ പ്രാപഞ്ചികശക്തിയുടെ പ്രതിരൂപങ്ങളാണ്.

പ്രതിഷ്ഠ

വൃത്താകൃയിലുള്ള നാഗത്തറയിൽ അഷ്ടനാഗങ്ങളുടെ സദസ്സിൽ മദ്ധ്യത്തിൽ ശിവൻ കുടികൊള്ളുന്നരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. അഷ്ടനാഗബിംബങ്ങൾ ഓരോന്നും പ്രത്യേക ആയുധങ്ങളും ചിഹ്നങ്ങളും ഭൂഷണങ്ങളോടും കൂടി പൂ൪ണ്ണമായ സ്വരൂപത്തിലുള്ളവയാണ്. അവയെല്ലാംതന്നെ മനോഹരമായി ശിലയിൽ പണിതീ൪ത്ത ശില്പങ്ങളാണ്. മദ്ധ്യത്തിൽ നാഗവിഭൂഷിതനായ ശിവനും, നന്നാലു നാഗങ്ങൾ ശിവന്റെ ഇടത്തും വലത്തുമായി വൃത്താകൃതിയിൽ പീഠത്തിൽ പടിഞ്ഞാറഭിമുഖമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഈ നാഗത്തറയുടെ നി൪മ്മാണം പ്രകൃതിദത്തമായ പരമ്പരാഗത നി൪മ്മാണക്കൂട്ടുകൾ ഉപയോഗപ്പെടുത്തിയുള്ളതാണ്. ഇതാണ് ഈ കാവിന്റെ ഘടനാപരമായ സവിശേഷത.

പ്രതിഷ്ടാ സങ്കല്‍പം

ഈ പ്രതിഷ്ഠക്കുപിന്നിൽ ഒരു വിശാലമായ സങ്കൽപ്പമുണ്ട്. കേരളത്തിന്റെ നാഗഭൂമിയാണ് ഈ സങ്കേതം. ഇവിടുത്തെ ആരാധനകൊണ്ട് തൃപ്തരാവുന്നത് കേരളത്തിലെ മുഴുവൻ നാഗങ്ങളും, തൃപ്തരായ അവരുടെ അനുഗ്രഹവർഷംകൊണ്ട് ശമിക്കുന്നത് മുഴുവൻ കേരളീയരുടെ നാഗദോഷങ്ങളുമാണ്. ഈയൊരു സങ്കൽപ്പത്തിലാണ് ഇവിടുത്തെ പൂജകളും ക്രമീകരിച്ചിരിക്കുന്നത്.

ആചാരങ്ങള്‍

വാർഷികമായുള്ള പ്രത്യേകപൂജകൾ അനുസരിച്ച് രണ്ടുദിവസത്തെ നാഗരാജോത്സവം ഇവിടെ കൊണ്ടാടപ്പെടുന്നു. ആദ്യത്തെ ദിവസം നാഗസഹസ്രനാമജപത്താൽ മന്ത്രവീര്യമുണർത്തപ്പെട്ട നാഗേശ്വരകലശം നാഗേശ്വരനും അഷ്ടനാഗങ്ങൾക്കും അഭിഷേകം ചെയ്യുന്നു. തുടർന്ന് സന്ധ്യയോടെ സർവ്വനാഗങ്ങളുടേയും പ്രീതിക്കായി വിശേഷാൽ സർപ്പബലിയും നടത്തപ്പെടുന്നു. രണ്ടാമത്തെദിവസമാണ് ഏറെപ്രധാനപ്പെട്ട നാഗബലി, അതോടെ നാഗരാജോത്സവം സമാപിക്കുന്നു.
നാഗരാജോത്സവത്തിനുപുറമേ എല്ലാമാസത്തിലെ ആയില്യത്തിനും രാവിലെ ആയില്യംപൂജയും വൈകുന്നേരം സർപ്പബലിയും നടത്തുന്നു.

നാഗബലി

ഈ അത്യപൂർവ്വമായ ബലിക്രിയ രണ്ടുനൂറ്റാണ്ടുകളായിട്ടെങ്കിലും നടന്നുവരുന്നില്ല എന്നാണ് അനുമാനിക്കപ്പെടുന്നത്. അന്യംനിന്നുപോയ ആരാധനാസമ്പ്രദായങ്ങളെ പുനരുദ്ധരിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാഗബലിയും പുനരുജ്ജീവിക്കപ്പെട്ടത്. എല്ലാതരത്തിലുമുള്ള നാഗദോഷങ്ങൾക്കും പ്രായശ്ചിത്തമാണ് നാഗബലി. ഇതിൽ സ്വർഗ്ഗ,ഭൂമി,പാതാളങ്ങളിലുള്ള മുഴുവൻ നാഗങ്ങളുടേയും സാന്നിദ്ധ്യം സങ്കൽപ്പിച്ച് ആവാഹിച്ച് വിവിധതരത്തിലുള്ള അത്യപൂർവ്വമായ പൂജകളാൽ അവരെ തൃപ്തിപ്പെടുത്തുന്നു. ഇതിൽ നാഗബലിക്കു സന്നിഹിതരായ എല്ലാവരും ചേർന്ന് ഇടിച്ച് പൊടിക്കുന്ന അരിപ്പൊടികൊണ്ടാണ് നാഗങ്ങൾക്കുള്ള തർപ്പണം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലുടനീളം ജാതിലിംഗ അതിർവരമ്പുകൾ കണക്കിലെടുക്കുന്നില്ല. തുടർന്ന് നാഗദോഷങ്ങളെയെല്ലാം ഗുരുതിയിൽ ആവാഹിച്ച് അർദ്ധരാത്രിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാഗങ്ങൾക്കു ഗുരുതിതർപ്പണം ചെയ്യുന്നു. തർപ്പണാനന്തരം സംതൃപ്തരായ സർവ്വലോകനാഗങ്ങളുടേയും അനുഗ്രഹം ദേശനിവാസികളുടെ ക്ഷേമൈശ്വര്യങ്ങൾക്ക് കാരണമായിത്തീരട്ടെ എന്ന വിശാലമായ സങ്കൽപ്പത്തോടെയുള്ള പ്രാർത്ഥനയോടെ ബലിക്രിയ അവസാനിക്കുന്നു.

ഇങ്ങനെയൊരു ആരാധനാ സമ്പ്രദായം വർഷങ്ങളായിട്ടുള്ള പഠനമനനങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. പൂർണ്ണമായും തന്ത്രശാസ്ത്രത്തിലൂന്നിയതാണ് ഈ പ്രതിഷ്ഠാ സങ്കൽപ്പവും ഇവിടുത്തെ പൂജാ സമ്പ്രദായവും.

Special Note

Kindly Note that "shripuram.org" is providing all the online resources for free of cost. There are no charges for Login or downloading any audio or e-files available with us and we request to utilize these for the purpose of learning and personal references.

No visitor may use this text, images, audio or video for any business or commercial purpose.

© 2016 Shripuram Trust. www.shripuram.org | All Rights Reserved.


"If you believe in God and He turns out to exist, then you have obviously made a good decision; however, if He does not exist, and you still believe in Him, you haven't lost anything; but if you don't believe in Him and He does exist, then you are in serious trouble."

(An apt quote for the present day when atheism is seemingly in rise from B. Pascal - A scientist from the past.)
- The Difficulty of Being Good by Guru Charan Das.

Search